Saturday 9 February 2013

നാഡീജ്യോതിഷം - ചീറ്റിപ്പോയ ഓലപ്പടക്കം...!!!


ഒരുപാട് നാളായി നാഡീജ്യോതിഷമെന്ന മഹാസംഭവത്തെക്കുറിച്ച് കേള്‍ക്കുന്നു. ഭൂമിയിലെ എല്ലാ മനുഷ്യരുടെയും  (ജനിച്ചവരുടെയും ജനിക്കാന്‍ ഇരിക്കുന്നവരുടെയും) ഭൂതവും ഭാവിയും വര്‍ത്തമാനവും അഗസ്ത്യമുനി പ്രാചീന തമിഴ് ലിപിയാല്‍ പനയോലകളില്‍ രേഖപ്പെടുത്തിയിരിക്കുന്നുവെന്നാണ് നാഡീ ജ്യോതിഷികളുടെ അവകാശവാദം. അത്തരം പനയോല നോക്കി ഒരാളുടെ ജീവിതം വിശദീകരിക്കുന്ന സൂത്ര വിദ്യയാണിത്. ഈ ഭൂമുഖത്തെ ഓരോ വ്യക്തിക്കും അയാളുടെ ജീവിതരഹസ്യം ആലേഖനം ചെയ്ത ഒരു ഓല ഉണ്ടായിരിക്കുമത്രെ. പല നിരീശ്വരവാദികളും നാഡീജ്യോതിഷിയുടെ അടുക്കല്‍ പോയി വിരണ്ടു പോയി കടുത്ത വിശ്വാസികളായിട്ടുണ്ടത്രേ. ഈ ഇടയായി ധാരാളം വിദ്യാസമ്പന്നര്‍ (നാഡീ)ജ്യോതിഷം പോലുള്ള അന്ധവിശ്വാസത്തിന് അടിമകളാണ്. വിദ്യാഭ്യാസം മനുഷ്യനെ വിവരമുള്ളവനാക്കുന്നില്ല എന്നുള്ളതിന്‍റെ ഉത്തമ തെളിവാണിത്. സുഹൃത്തുക്കളായ വിശ്വാസികളുടെ ഈ പാണന്‍ പാട്ട് സഹിക്കവയ്യാതെ ഇന്നലെ ചെങ്ങന്നൂരിലെ പ്രശസ്ത നാഡീജ്യോതിഷിയുടെ അടുത്ത് ഞാന്‍ പോയി.

ആദ്യമായി ഒരു കെട്ട് പനയോല(50 ഓലകള്‍) എടുത്ത് മുന്നിലിട്ട് തെരഞ്ഞുതുടങ്ങുന്ന ജ്യോതിഷി നിരന്തരം ഭക്തനോട് ചില ചോദ്യങ്ങള്‍ ചോദിക്കും. ഈ ചോദ്യങ്ങള്‍ക്കൊക്കെ ''അതെ'' അല്ലെങ്കില്‍ ''അല്ല'' എന്ന ഉത്തരമാണ് ഭക്ത-കുശ്മാണ്ട-കൂപമണ്ടൂകം നല്‍കേണ്ടത്. ഒരു വിഡ്ഢിയായ ഭക്തനെപ്പോലെ ഞാനും "അശ്വമേധം" കളിക്കാന്‍ തുടങ്ങി. (കലാപരിപാടിയുടെ തുടക്കത്തില്‍ തന്നെ എന്‍റെ പേരും ജന്മദിനവും സമയവും, വിരലടയാളവും ശരിയായ ഓല കണ്ടുപിടിക്കാനായി ചോദിച്ചു വാങ്ങിയിരുന്നു).
അച്ഛന്‍റെ പേര് കണ്ടുപിടിക്കാനായി ആദ്യം ജ്യോതിഷി ഇങ്ങനെ ചോദിച്ചു , " കൃഷ്ണന്‍" എന്ന് അര്‍ത്ഥം വരുന്ന പേരാണോ?
അല്ലെന്നു ഞാന്‍ മറുപടി നല്‍കി. (സ്വതവേ, കേരളത്തില്‍ കൃഷ്ണന്‍റെ അര്‍ത്ഥം വരുന്ന പേരുകള്‍ അനവധിയാണ്. ജനാര്‍ദ്ദനന്‍, അച്യുതന്‍, ദാമോദരന്‍, ഹരി, ഗോവിന്ദന്‍, ഗോപാലന്‍, ഗോപിനാഥന്‍, ജഗന്നാഥന്‍, കേശവന്‍, മാധവന്‍, മധുസൂദനന്‍, മുകുന്ദന്‍, ബാലകൃഷ്ണന്‍, ജഗദിഷ്, ജഗന്നാഥന്‍, മോഹനന്‍, മഹേന്ദ്രന്‍, മന്‍മോഹന്‍, നന്ദകുമാര്‍..etc. Actually Krishna has got 108 other names)
അച്ഛന്‍റെ പേര് കണ്ടുപിടിക്കാനായി പിന്നീട് അവര്‍ ഇങ്ങനെ ചോദിച്ചു. M, L, V, S എന്നീ ലെറ്ററില്‍ ഏതെങ്കിലും അച്ഛന്‍റെ പേരില്‍ ഉണ്ടോ?
ഇല്ലെന്നു ഞാന്‍..
പിന്നീട് എന്‍റെ ശ്രദ്ധ മാറ്റാനായി എന്‍റെ പ്രവര്‍ത്തന മേഖലയെക്കുറിച്ചായി ചോദ്യം. ടെക്നിക്കല്‍ വിദ്യാഭ്യാസമാണ് ഞാന്‍ നേടിയതെന്ന് ചോദിച്ചറിഞ്ഞ അവര്‍ എന്നോട് ഇപ്രകാരം ചോദിച്ചു. "ബി ടെക്, ഐ റ്റി ഐ , ഡിപ്ലോമ ഇവയില്‍ എതെങ്കിലുമാണോ മേഖല" ??
മൂന്നാമതായി ഡിപ്ലോമ എന്ന് പറഞ്ഞപ്പോള്‍ മുഖത്തൊരു കൃത്രിമ സന്തോഷം ഞാന്‍ ഉണ്ടാക്കിയിരുന്നു. ഞാന്‍ വിചാരിച്ചപോലെ അവര്‍ അതില്‍ കേറി കൊത്തി. അവരുടെ അടുത്ത ചോദ്യം എന്‍റെ പഠനം ഡിപ്ലോമയല്ലേ എന്നായിയിരുന്നു. അല്ലെന്നു ഞാനും. എങ്കിലും അടുത്ത ചോദ്യത്തിലൂടെ ബി ടെക്കില്‍ അവരെത്തി.
പിന്നീടവര്‍ വീണ്ടും അച്ഛനിലേക്ക് തിരിച്ചെത്തി.
അച്ഛന്റെ പേരില്‍ K, T എന്നീ അക്ഷരങ്ങളില്‍ ഏതെങ്കിലും ഉണ്ടോ?
ഉണ്ടെന്നു ഞാന്‍..
പേരിന്‍റെ തുടക്കം K, T എന്നീ അക്ഷരങ്ങളില്‍ ആണോ?
k കഴിഞ്ഞു T പറഞ്ഞപ്പോള്‍ മുന്‍പത്തെ പോലെ ഞാന്‍ ഒരു ഞെട്ടല്‍ ഉണ്ടാക്കി. അവരുടെ അടുത്ത ചോദ്യം ഇതായിരുന്നു. പേര് ആരംഭിക്കുന്നത് T യില്‍ അല്ലെ?
അല്ലെന്നു ഞാനും.
പിന്നീട് സഹോദരങ്ങളുടെ എണ്ണത്തെക്കുറിച്ചും മറ്റും ചോദിച്ചു. ശെരിയായ ഡാറ്റ ഞാന്‍ പറഞ്ഞു കൊടുത്തു. അതിനു ശേഷം വീണ്ടും അച്ഛനിലേക്ക്.
അച്ഛന്റെ പേര് കൊച്ചു, കുഞ്ഞു, കുമാരന്‍ ആണോ?
അല്ലെന്നു ഞാന്‍.
അച്ഛന്റെ പേര് അവസാനിക്കുന്നത് ചില്ലക്ഷരത്തില്‍ (ണ്‍, ന്‍, ല്‍) ആണോ?
ആണെന്നും "ന്‍" ആണെന്നും ഞാന്‍ പറഞ്ഞു.
കുട്ടപ്പന്‍ ?
അതെ..!!

എന്‍റെ അമ്മയുടെ പേര് കണ്ടുപിടിക്കാനും ഇതേപോലെ ഒരു കലാപരിപാടി കുറെ നേരം നടത്തി.
അമ്മയുടെ പേരിനെ രണ്ടു ഭാഗം ആക്കാമെന്നും ആദ്യത്തെ ഭാഗം പുഷ്പ എന്നാണെന്നും രണ്ടാമത്തെ ഭാഗം അവസാനിക്കുന്നതില്‍ "ല" ഉണ്ടെന്നും എത്തി. (അമ്മയുടെ പേര്‍ തുടങ്ങുന്നത് P യില്‍ ആണെന്ന ചോദിച്ചറിഞ്ഞതിനാല്‍ പ്രേമ, പങ്കജ മുതലായ പേരുകള്‍ മുന്‍പേ പയറ്റി നോക്കിയിരുന്നു). 
ഉടനെ അവര്‍ ചോദിച്ചു, "പുഷ്പകല" ? 
അമ്മയുടെ പേര് "പുഷ്പവല്ലി" എന്നാണെന്ന് ഞാന്‍ തിരുത്തി.

ഇതേപോലെ അച്ഛന്‍റെ പ്രൊഫഷന്‍ കണ്ടുപിടിക്കാന്‍ അവര്‍ പെടാപ്പാട് നടത്തി.
പലപ്പോഴായി അവര്‍ ഇത്രേം ചോദിച്ചു.
അച്ഛന് ഗവന്മെന്റു ജോലി ആണോ?
അല്ല..
കച്ചവടം ഓര്‍ ബിസിനസ് ആണോ?
അല്ല.
വിദേശ ജോലി?
അല്ല.
മെക്കാനിക്കല്‍ സംബന്ധമായ ജോലി?
അല്ല.
അച്ഛന്‍ രണ്ടു ജോലി ഒരുമിച്ച് ചെയ്യുന്നുണ്ടോ?
ഇല്ല.
ടെക്നിക്കല്‍ സംബന്ധമായ ജോലി?
അല്ല.
പത്തു വര്‍ഷത്തിലേറെയായി ഇപ്പോഴുള്ള ജോലിയാണോ?
അതെ.
അച്ഛന്‍റെ പ്രൊഫഷനെ (My father is an LIC Agent) കുറിച്ച് ചോദിച്ചു ചോദിച്ചു ബോറടിച്ച അവര്‍ ഉത്തരം കിട്ടാതെ അടുത്ത നമ്പര്‍ ഇറക്കാന്‍ തുടങ്ങി..

നമ്മുടെ കുടുംബത്തിലുള്ളവര്‍ക്ക് മാത്രമറിയാവുന്ന നമ്മള്‍ ഒരിക്കലും സുഹൃത്തുകളോട് ഷെയര്‍ ചെയ്യാന്‍ സാധ്യതയില്ലാത്ത ചില ചോദ്യങ്ങളും അവര്‍ ചോദിക്കുകയുണ്ടായി. 
ചോദ്യങ്ങള്‍ ഇങ്ങനെയൊക്കെ : 
1) ഏതെങ്കിലും സഹോദരങ്ങള്‍ ചെറുപ്രായത്തില്‍ മരിക്കുകയോ, മാതാവിന്‍റെ ഗര്‍ഭം പ്രസവിക്കും മുന്‍പേ അലസിപ്പോകുകയോ മറ്റോ ചെയ്തിട്ടുണ്ടോ?
2) ശരീരത്തില്‍ ഏതെങ്കിലും ഓപ്പറേഷന്‍ നടത്തിയിട്ടുണ്ടോ?
3) അമ്മയുടെ യൂട്ടറസ് എടുത്തു കളഞ്ഞതാണോ?
4) കുടുംബത്തില്‍ ആര്‍ക്കെങ്കിലും ദുര്‍മരണങ്ങള്‍ സംഭവിച്ചിട്ടുണ്ടോ?
ഇങ്ങനെയുള്ള ചോദ്യങ്ങളുടെ മുന്‍പില്‍ ഏതൊരു ശരാശരി വിശ്വാസിയും കമഴ്ന്നടിച്ചു വീഴും. കാരണം മുകളില്‍ പറഞ്ഞ ചോദ്യങ്ങളില്‍ ഏതെങ്കിലും നിങ്ങളുടെ ജീവിതത്തില്‍ സംഭവിച്ചിരിക്കാനുള്ള സാധ്യത 99 ശതമാനമാണ്. അന്ധവിശ്വാസി ആണേല്‍ പിന്നെ പറയണ്ട. "തികച്ചും ഇത്രയും പേര്‍സണല്‍ ആയ കാര്യം വരെ ജ്യോതിഷി കൃത്യമായി അറിഞ്ഞിരിക്കുന്നു. മഹാ സംഭവം..!! എന്‍റെ ശിവനേ"....!! ഇവയില്‍ ഏതെങ്കിലും ഒരെണ്ണം ഭക്തന്‍റെ മര്‍മ്മത്ത് തന്നെ കൊള്ളും. അതോടെ അയാളുടെ വിശ്വാസവും ഭക്തിയും ജ്യോതിഷിയോടുള്ള ആരാധനയും അനന്യമായി ആളിക്കത്തും. തീര്‍ച്ച..!!!!

പിന്നീട് ചോദിച്ചു തുടങ്ങിയത് ചേട്ടന്‍റെയും ചേച്ചിയുടെയും ജോലി സംബന്ധമായ കാര്യങ്ങള്‍ ആണ്.
എന്തും അവര്‍ ചോദ്യരൂപേണയാണ് ചോദിക്കുക. ഉദാഹരണത്തിന്, അടുത്ത ബന്ധുക്കളില്‍ ആര്‍ക്കെങ്കിലും അടുത്തിടെ അപകടം സംഭവിച്ചിട്ടുണ്ടോ?
ഉത്തരം ഉണ്ടെന്നാണേല്‍, അതവര്‍ കണ്ടുപിടിച്ചതെന്നു ഭക്തശിരോമണി മനസിലാക്കണം. ഇനി അഥവാ വീട്ടിലെ ആര്‍ക്കും ഒന്നും സംഭവിച്ചിട്ടില്ലെങ്കില്‍ ഒരു കാഷ്വല്‍ ചോദ്യമെന്ന പോലെ അടുത്ത ഓലയിലെക്കും ചോദ്യത്തിലെക്കും കടക്കും.. എന്താ കഥ..!!!!
ചുരുക്കം പറഞ്ഞാല്‍ എന്നെക്കുറിച്ച് അവര്‍ ഇതൊക്കെയാണ് മനസിലാക്കിയത്
1) ബി-ടെക്ക് 2 വര്‍ഷം മുന്‍പേ കഴിഞ്ഞതാണ് ഞാന്‍.
2) ഇപ്പോള്‍ ജോലി ഒന്നും ഇല്ല. ജോലി അന്വേഷിക്കുന്നുണ്ട്.
3) അച്ഛന് ജോലി ഉണ്ടെങ്കിലും അത് എന്താണെന്ന് (LIC Agent) കണ്ടെത്താന്‍ പറ്റിയില്ല.
4) ചേട്ടന്‍ വിദേശത്തു ജോലി ചെയ്യുന്നു.
5) ഉപരിപഠനത്തിനു ആഗ്രഹമുണ്ടെനിക്ക്.
6) ചേച്ചി ജോലി ചെയ്യുന്നു.
7) നിലവില്‍ പ്രണയമൊന്നും എനിക്കില്ല.
ഒടുവില്‍ എന്‍റെയും എന്‍റെ ഫാമിലിയുടെയും ഒരു ഏകദേശ പ്ലോട്ട് മനസിലാക്കിയ ജ്യോതിഷ ശിരോമണി ഓല കിട്ടിയെന്നും ഇനിയങ്ങോട്ട് ഭാവി പ്രവചനമാണെന്നും അശ്വമേധം അവസാനിച്ചുവെന്നും പറഞ്ഞു. ശേഷം അവര്‍ ഒരു റൂമില്‍ കയറി തമിഴില്‍ ഏതാണ്ടെല്ലോ കുത്തിക്കുറിച്ച് കൊണ്ടുവന്നു. ശേഷം അത് വായിച്ചു "തള്ളല്‍" തുടര്‍ന്നു. അതെല്ലാം ശിവന്‍ നേരിട്ട് പാര്‍വതിയോട് പറഞ്ഞതാണത്രെ...!!! 
കഴിഞ്ഞ ജന്മത്തില്‍ ഞാന്‍ ജനിച്ചത്‌ വംഗദേശത്താണെന്നും (ബംഗാള്‍) ഉന്നതകുല ജാതനായിരുന്ന ഞാന്‍ അടിമകളെ ക്രൂരമായി തൊഴില്‍ സംബന്ധമായി പീഡിപ്പിച്ചതിന്‍റെ ഫലമായാണത്രേ എനിക്ക് ഇപ്പോള്‍ തൊഴില്‍ തേടി അലയേണ്ട അവസ്ഥ വന്നതെന്നും. താമസിയാതെ എല്ലാം ശരിയാകുമെന്നും. വിദേശ ജോലിക്ക് സാധ്യതയേറെയുള്ള (ചേട്ടന്‍ വിദേശത്ത് ഉണ്ടല്ലോ) എനിക്ക് രണ്ടു വര്‍ഷത്തിനകം ഉന്നതവിദ്യാഭ്യാസത്തിനു (M tech) ഭാഗ്യമുണ്ടെന്നും (നിലവില്‍ ഞാന്‍ കൊച്ചിന്‍ യൂനിവേര്‍സിറ്റിയില്‍ എം-ടെക്ക് ഫൈനല്‍ സെമസ്റ്റര്‍ ആണ്), ഉടനെ തന്നെ ചെറിയ ജോലികള്‍ പല പല സ്ഥലത്ത് കിട്ടാന്‍ വിധിയുണ്ടെന്നും അവര്‍ പ്രവചിച്ചു. ഇതിനു പുറമേ 28-30 വയസില്‍ എന്‍റെ വിവാഹം നടക്കാന്‍ സാധ്യത വളരെ കൂടുതലാണെന്നും മറ്റുമുള്ള സ്ഥിരം ജ്യോതിഷ നമ്പര്‍ യാതൊരു ഉളുപ്പുമില്ലാതെ ആ 'ജ്യോതിഷരത്നം' അടിച്ചുവിട്ടു. ഞാന്‍ വിവാഹം ചെയ്യുന്ന പെണ്‍കുട്ടി എന്‍റെ അതേ മേഖലയില്‍ നിന്നായിരിക്കുമെന്നും, അവള്‍ക്ക് എന്നേക്കാള്‍ പൊക്കം കുറവായിരിക്കുമെന്നും, ഇരുണ്ട നിറമായിരിക്കുമെന്നും, വടക്ക് കിഴക്ക് ദിക്കിലായിരിക്കും അവളുടെ വീടെന്നും മറ്റുള്ള "തള്ളല്‍" സഹിച്ചിരിക്കാന്‍ ശേഷി എനിക്കുണ്ടായത് നന്നായി....!!!!
ശുഭം പറഞ്ഞു നിര്‍ത്തുന്ന അവരുടെ കയ്യിലേക്ക് ആയിരം രൂപ വച്ച് കൊടുത്തതോടെ 'ഓല'ക്കളി അവസാനിച്ചു..

എന്നെ ഏറ്റവും അത്ഭുതപ്പെടുത്തിയ മറ്റൊരു കാര്യം അവിടെ അനുഭവപ്പെട്ട തിരക്കാണ്. ആള്‍ക്കാര്‍ ഊണുപോലും കഴിക്കാതെ ക്യൂ നില്‍ക്കുകയാണ് ജ്യോതിഷിയെ കാണാന്‍. ഏകദേശം മൂന്നു ആഴ്ച മുന്‍പേ ബുക്ക് ചെയ്യണം അവരുടെ അപ്പോയിന്റ്മെന്‍റ് ലഭിക്കാന്‍. അത്ര തിരക്കാണ് കക്ഷികള്‍ക്ക്. പൊതുവേ "പിച്ചാണ്ടി" എന്നറിയപ്പെടുന്ന അദ്ദേഹത്തിന്റെ യഥാര്‍ത്ഥ നാമം K.R ശേഖരന്‍ എന്നാണു. ഭാര്യ പത്മം ശേഖരന്‍. ചെങ്ങന്നൂര്‍ (Kottayam District, Kerala) ബസ്‌ സ്റ്റാന്‍ഡിലോ റെയില്‍വേ സ്റ്റെഷനിലോ എത്തിയ ശേഷം, മഹാദേവ ക്ഷേത്രത്തിനടുത്തുള്ള പിച്ചാണ്ടി (മഹാശിവനാഡി) യുടെ വീടെന്നു പറഞ്ഞാല്‍ ഏതു ഓട്ടോക്കാരനും കൃത്യമായി നമ്മെ അവിടെത്തിക്കും. അവിടെ ഭാര്യയും ഭര്‍ത്താവും കൂടി ദിനവും കുറഞ്ഞത്‌ പത്തു കേസ് എങ്കിലും നോക്കാറുണ്ട്. എങ്ങനെപോയാലും അവര്‍ക്ക് ഒരു ദിവസം 10,000 രൂപ ഉണ്ടാക്കാം...!!! That means Rs. 3 lakhs in a month!!  വല്ല വാര്‍ക്കപ്പണിക്കോ മറ്റോ പോയിരുന്നേല്‍ ഇതിന്‍റെ പത്തിലൊന്നു പോലും അവര്‍ക്ക് കിട്ടില്ല!! അവരെ ഈ മേഖലയില്‍ എത്തിച്ചതും ഇക്കാര്യമായിരിക്കാം.. !!!!

ഒരുപാട് അന്ധവിശ്വാസങ്ങളില്‍ മുഴുകി അനാചാരങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കുമായി ജീവിതം ഉഴിഞ്ഞു വെച്ച ഒരു ജനതയെ ഭക്തിയുടെയും വിശ്വാസത്തിന്‍റെയും പേരുപറഞ്ഞു കബളിപ്പിക്കുക എന്നത് പിച്ചാണ്ടിമാര്‍ക്ക് പൂ പറിക്കുന്ന പോലെ ഈസി ആയ കാര്യമാണ്.  All i wanted to state here is a Voltaire Quote, '"If we believe Absurdities, we shall commit Atrocities"'.

Sunday 9 December 2012

Blind Mole Rat - പരിണാമത്തിന്റെ അനിഷേധ്യമായ തെളിവ്

തുരപ്പന്‍ എലികളുടെ വര്‍ഗത്തില്‍ പെട്ടൊരു ജീവിയാണ് Blind Mole Rat. ഭൂമിയ്ക്ക് അടിയിലെ വെളിച്ചം കടന്നു ചെല്ലാത്ത സ്ഥല സാഹചര്യങ്ങള്‍ക്കനുസരിച്ചു പരിണാമം സംഭവിച്ച ഒരു ജീവിവര്‍ഗമാണിത്. കണ്ണുണ്ടെങ്കിലും കാഴ്ചശക്തി തീരെയില്ലാത്ത ഈ എലികളുടെ താമസം മണ്ണിനടിയില്‍ ആണു. കൂടാതെ കണ്ണുകള്‍ക്ക് മേലെ ഒരു ചര്‍മ്മം വന്നു മൂടിയ നിലയില്‍ കാണപ്പെടുന്നു.ഇവറ്റകളുടെ കാലുകള്‍ ചെറുതും വണ്ണം കുറഞ്ഞതുമാണ്. മുന്നിലേക്കും പിന്നിലേക്കും ഒരേപോലെ വേഗത്തില്‍ സഞ്ചരിക്കാന്‍ ഇത് സഹായിക്കുന്നു. നല്ല ഘ്രാണ ശക്തിയുള്ള ഈ എലി വര്‍ഗം പരിണാമ പ്രക്രിയയിലെ പ്രധാനപ്പെട്ടൊരു കണ്ണിയാണ്. Molecular Evidences പ്രകാരം 2.5 കോടി വര്‍ഷങ്ങള്‍ക്കു മുന്‍പ് കാഴ്ച്ചശക്തിയുള്ള Rodents - ല്‍ (സസ്തനികളിലെ കരണ്ടു തിന്നുന്ന ഒരു വിഭാഗം) നിന്നുമാണ് Blind Mole Rat കള്‍ ഉണ്ടായതെന്ന് ശാസ്ത്രലോകം വിലയിരുത്തുന്നു. കിഴക്കന്‍ മെഡിറ്ററെനിയന്‍ പ്രദേശങ്ങളിലും Black Sea ഭാഗങ്ങളിലുമാണ് ഇവയെ കണ്ടു വരുന്നത്. ഉന്തി നില്‍ക്കുന്ന പല്ലുകളും നീളം കുറഞ്ഞ കൈകാലുകളും ഈ എലികളുടെ ചെവി പുറമേക്കു കാണാവുന്നതല്ല. പല്ലുകള്‍ മൂര്‍ച്ചയേറിയതിനാല്‍ മണ്ണില്‍ കുഴിക്കാന്‍ ഉപകരിക്കുന്നു. കണ്ണുണ്ടായിട്ടും കാഴ്ചയില്ലാത്ത ഈ ജീവി വര്‍ഗം മ്യൂട്ടേഷന്‍റെ പ്രകടമായ ഉദാഹരമായി കരുതപ്പെടുന്നു. ജീവിതത്തിന്‍റെ സിംഹഭാഗവും മണ്ണിനടിയിലാണ് ഈ എലിവര്‍ഗം കഴിയുന്നത്‌. മണ്ണിനടിയിലുള്ള വാസത്തില്‍ കാഴ്ചയേക്കാള്‍ ഏറെ മണത്തിനും കുറുകിയ കൈകാലുകള്‍ക്കുമാണ് പ്രാധാന്യം. നൂറ്റാണ്ടുകളിലൂടെ ഈ ഒരു പരിതസ്ഥിതിയ്ക്കു അനുകൂലമായ ജനിതക മാറ്റം  Blind Mole Rat ല്‍ സംഭവിക്കുകയായിരുന്നു. മ്യൂട്ടേഷന്‍ വഴി കാഴ്ചയും കണ്ണുകളും ഈ ജീവികളില്‍ അപ്രസക്തമായി തീര്‍ന്നു. ക്രമേണ കണ്ണുകള്‍ക്ക് മേലെ ഒരു ചര്‍മ്മം വന്നു മൂടുകയും ചെയ്തു. 

ആയുസ്സിന്‍റെ പുസ്തകം - സി വി ബാലകൃഷ്ണന്‍ 

                  പെരുമ്പടവത്തിന്‍റെ ഒരു സങ്കീര്‍ത്തനം പോലെ, അഥവാ ബെന്യാമിന്‍റെ ആടുജീവിതം പോലെ എന്‍റെ മനസ്സിനെ മദിച്ച നോവല്‍. യഥാര്‍ത്ഥ ജീവിതം എന്താണോ അതു അതേപടി പകര്‍ത്തി വച്ചിരിക്കുകയാണ് ഇവിടെ. ആത്മാവിന്‍റെ നൊമ്പരങ്ങളും മാനസിക സംഘര്‍ഷങ്ങളും അണുവിട വ്യതിയാനമില്ലാതെ ആവിഷ്ക്കരിച്ചിരിക്കുന്നു. അതിശയോക്തി ഒട്ടും തന്നെ ഇല്ലാതെ പറയട്ടെ, ഒരു തീവ്രമായ കവിത പോലെയാണ് ഈ പുസ്തകം എനിക്ക് അനുഭവപ്പെട്ടത്. ഈ പുസ്തകം നമ്മെ അവാച്യമായ മറ്റൊരു ലോകത്ത് എത്തിക്കുന്നു. നമ്മുടെയെല്ലാം കണക്കു കൂട്ടലുകള്‍ക്ക് അപ്പുറമാണ് യഥാര്‍ത്ഥ ജീവിതം എന്ന് നമ്മോട് വിളിച്ചു പറയുന്നു. സാമുവല്‍സാറും യാക്കോബും ഇത് മാത്രമാണ് നമ്മോടു പറയുന്നത്. നൂറുശതമാനം ദൈവവിശ്വാസി ആയിരുന്നിട്ടും സ്വന്തം മകളെയും ഭര്‍ത്താവിനെയും നഷ്ടപ്പെട്ടു ഉത്തരംകിട്ടാത്ത ചോദ്യചിഹ്നമായി റോസമ്മ.. ചിലരുടെ ജീവിതം അങ്ങനെയാണ്. ദുഖിക്കാന്‍ വേണ്ടിമാത്രം… ഹോ.. തികച്ചും ക്ഷണികമായ മനുഷ്യ ജീവിതത്തിന്‍റെ പൊള്ളിക്കുന്ന നേര്‍കാഴ്ച...!!!
                  മനുഷ്യര്‍ ആരും വികാരങ്ങള്‍ക്കും വിചാരങ്ങള്‍ക്കും അതീതരല്ല. പള്ളിയിലെ അച്ഛനായ മാത്യു ഇതാണ് നമുക്ക് മുന്നില്‍ വരച്ചു കാട്ടുന്നത്. നഷ്ടസ്വര്‍ഗങ്ങളെയോര്‍ത്തു വിലപിച്ചു ജീവിതം തള്ളിനീക്കുന്ന യാക്കോബ് നമ്മളില്‍ ഒരാള്‍ തന്നെയാണ്. പുലരിയില്‍ ജനലിലൂടെ ആര്‍ദ്രമായി വെളിച്ചം കടന്നുവരുന്നത് പോലെയാണ് യോഹന്നാന്‍റെ ജീവിതത്തില്‍ റാഹേല്‍ കടന്നു വന്നത്. പക്ഷെ വിധി യോഹന്നാനെ വീണ്ടും തനിച്ചാക്കുന്നു. പിന്നീട് സാറ യോഹന്നാന്‍റെ മനസ്സിനെ ഒരു പാലാഴി കണക്കെ നിറച്ചു. ഏഴു വര്‍ണങ്ങളും ഈണം മീട്ടുന്ന മഴവില്ലിന്റെ സംഗീതമായാണ് സാറ യോഹന്നാനു അനുഭവപ്പെട്ടത് .
                  നേര്‍ത്തൊരു മഞ്ഞിന്‍ മറയ്ക്കപ്പുറത്തു ഒരു കൂട്ടം ഗ്രാമങ്ങള്‍. ഇഞ്ചിയും മഞ്ഞളും മരച്ചീനിയും ഏലവും റബറും ഒക്കെയുള്ള ചെരിവുകള്‍. ഇടകലരുകയും ഇഴ പിരിയുകയും ചെയ്യുന്ന നാട്ടുപാതകള്‍. കാടുകള്‍ താണ്ടിയെത്തുന്ന പുഴകള്‍. മഞ്ഞിലും മഴയിലും പാടെ മറയുകയും വെയിലില്‍ പതുക്കെപ്പതുക്കെ തെളിയുകയും ചെയ്യുന്ന കടും പച്ചയായ കുന്നുകള്‍. വെള്ളമുയലുകള്‍ പതുങ്ങിയിരിക്കുന്ന പടര്‍പ്പുകള്‍. പള്ളികളില്‍ നിന്നുള്ള മണിനാദങ്ങള്‍.. ഹോ!!! എത്ര സമുജ്ജലമാണെന്നോ ആ കാഴ്ചകള്‍.. ഗ്രാമഭംഗി നേരിട്ട് ആസ്വദിക്കാന്‍ ഒരവസരമാണീ പുസ്തകം..!!
                 വളരെ ആകസ്മികമായി തോമായുടെ ഹൃദയവും സാറായോടുള്ള പ്രണയത്താല്‍ പരവശനാവുന്നു. അവളോടൊപ്പം കൈ പിടിക്കാന്‍, അവളുടേത്‌ ആയിത്തീരാന്‍, അവളുടെ നേര്‍പകുതി പകുത്തെടുക്കാന്‍, അവളില്‍ അലിയാന്‍ അയാള്‍ദാഹിച്ചു. ഇരുളില്‍ സമയം ഏകാന്തതയെ കീഴ്പ്പെടുത്തുന്നത് പോലെ അയാളും അയാളുടെ ചിന്തകളും സ്വപ്നങ്ങളില്‍ സാറയ്ക്ക് വിരുന്നൊരുക്കി. പക്ഷെ എല്ലാം വെറുതെയായിരുന്നെന്നു അറിഞ്ഞ നിമിഷം അയാളുടെ ആത്മാവ് തേങ്ങിക്കരഞ്ഞു. കിനാവിന്‍റെ അമാവാസി രാവില്‍ അയാളുടെ ജന്മം പാഴായിപ്പോവുന്നത്പോലെ തോന്നി അയാള്‍ക്ക്‌. ആകാശവും തന്‍റെ ജീവിതവും ഇരുള്‍ മൂടിയതായി അയാള്‍ കണ്ടു. തോമായുടെ മനസ്സില്‍ പീലി വിടര്‍ത്തി നിന്നാടിയ സ്വപ്നമയൂഖങ്ങള്‍ തകര്‍ന്നടിഞ്ഞത് ഒറ്റയടിക്കായിരുന്നു. തകര്‍ത്തത് സ്വന്തം മകനും. ഒടുവില്‍ വികാരത്തിന്‍റെയും വൈരാഗ്യത്തിന്‍റെയും ഒരു വേലിയേറ്റം പോലെ തോമാ സാറയുടെ കഴുത്തിനു നേരെ കൈനീട്ടി.
പിന്നീടു സാറ ആരെയും കണ്ടില്ല… ആരും വിളിച്ചത് കേട്ടതുമില്ല...
അവളുടെ ഇടതു വായ്ക്കോണിലൂടെ ചോര ഒഴുകിയിരുന്നു ....!!
                   ഇത് മുഴുവനും വായിക്കുമ്പോള്‍ നമ്മുടെ രക്തം പോലും മരവിച്ചു പോവും.. എല്ലാ അര്‍ത്ഥത്തിലും ഹൃദയം കൊണ്ടെഴുതിയ ഒരു കവിതയാണീ പുസ്തകം.. പ്രണയത്തിന്‍റെയും, പകയുടെയും, വികാരവായ്പിന്‍റെയും ഒരു മഹാസാഗരം.. ഏകാന്തതയെ പ്രണയിക്കുന്നവര്‍ക്കായി ഞാന്‍ ഈ റിവ്യു സമര്‍പ്പിക്കുന്നു..

രാധേയനായ കര്‍ണ്ണന്‍.

മഹാഭാരതത്തിലെ യഥാര്‍ത്ഥ നായകന്‍ കര്‍ണ്ണന്‍ ആണ്. പാണ്ഡവ ശകുനിയായ ശ്രീകൃഷ്ണന്‍റെ കള്ളത്തരവും ചതിയും ഇല്ലായിരുന്നെങ്കില്‍, കര്‍ണ്ണന്‍ നിഷ്പ്രയാസം അര്‍ജുനനെയും കൂട്ടരെയും തോല്പിക്കുമായിരുന്നു. അദ്ദേഹം തികഞ്ഞ യോദ്ധാവും ദയാശീലനും ആയിരുന്നു. വിശ്വൈകധനുര്‍ദ്ധരനായ ആ മഹാനുഭാവന്‍ പകച്ചു നിന്നത് പാണ്ഡവരുടെ അവഹേളനത്തിനു മുന്‍പില്‍ മാത്രം. രാജാവിനോടല്ലാതെ അര്‍ജ്ജുനന്‍ യുദ്ധം ചെയ്യില്ലെന്ന് വന്നപ്പോള്‍, കര്‍ണ്ണനെ അംഗരാജാവായി വാഴിച്ച ദുര്യോധനന്‍റെ സൌഹൃദത്തിനു മുന്നിലും കര്‍ണ്ണന്‍ അശക്തനായി. അര്‍ജുനനേക്കാള്‍ കഴിവും ശരവേഗവുമുള്ള കര്‍ണ്ണനെ ജാതി പറഞ്ഞും പുലഭ്യം പറഞ്ഞും അപഹാസ്യനാക്കുന്നതില്‍ പാണ്ഡവര്‍ മിടുക്ക് കാട്ടി. പാഞ്ചാല രാജധാനിയിലെ സ്വയംവര വേദിയില്‍ വച്ച് ദ്രൌപതിയും കര്‍ണ്ണനെ നികൃഷ്ട ജീവി എന്നോണം നാണം കെടുത്തി. കുരുക്ഷേത്ര യുദ്ധത്തില്‍ അവസരങ്ങള്‍ ഒരുപാട് വന്നു ചേര്‍ന്നിട്ടും യുധിഷ്ഠിരനെയും, ഭീമനെയും, നകുല സഹദേവന്‍മാരെയും സുവര്‍ണ്ണശോഭയുള്ള ആ സിംഹകായന്‍ വധിച്ചില്ല. ഫലത്തില്‍ കര്‍ണ്ണന്‍റെ പിച്ചയാണ് അവരുടെ ശിഷ്ട ജീവിതം. ദാനാര്‍ത്ഥിയായ വിപ്രന് വേണ്ടി ജീവന്‍ ഉള്‍പ്പെടെ എന്തും ദാനം ചെയ്യുന്ന ആ മഹാപ്രതിഭയെ അര്‍ജുനനു വധിക്കാന്‍ സാധിക്കില്ലെന്ന് മനസിലാക്കിയ ഇന്ദ്രന്‍ തന്ത്രപൂര്‍വ്വം കരുക്കള്‍ നീക്കി. കര്‍ണ്ണനെ അവധ്യനാക്കുന്ന കവച കുണ്ഡലങ്ങള്‍ ഇരന്നു വാങ്ങിയാണ് അര്‍ജുനന്‍റെ ജീവന്‍ കുരുക്ഷേത്ര ഭൂവില്‍ രക്ഷിക്കപ്പെട്ടത്‌.. ആയതിനാല്‍ അതിന്‍റെ എല്ലാ ദുഷ്കീര്‍ത്തിയും അര്‍ജുനനുള്ളതാണ്. ഉഗ്രമായൊരു കര്‍ണ്ണ വിശിഖമേറ്റ് തേര്‍ത്തട്ടില്‍ മോഹാലാസ്യപ്പെട്ടു വീണ അര്‍ജുനനെ യുദ്ധധര്‍മ്മങ്ങള്‍ മറികടന്നു അനായാസേന കര്‍ണ്ണനു വധിക്കാമായിരുന്നു. പക്ഷെ ആ സമയം യുദ്ധഭൂവില്‍ പുതഞ്ഞു പോയ തേര്‍ ചക്രം ഉയര്‍ത്താനാണ് അദ്ദേഹം വിനിയോഗിച്ചത്. ആലസ്യത്തില്‍ നിന്നുണര്‍ന്ന അര്‍ജുനന്‍, കയ്യില്‍ ധനുസ്സേന്തിയ കര്‍ണ്ണനെ വധിക്കുന്നത് അപ്രാപ്യം എന്ന യാഥാര്‍ത്ഥ്യം മനസിലാക്കി. തുടര്‍ന്ന് കൃഷ്ണന്‍റെ ഉപദേശാര്‍ത്ഥം രഥചക്രം ഉയര്‍ത്താന്‍ ശ്രമിക്കുന്ന കര്‍ണ്ണനെ യുദ്ധധര്‍മ്മങ്ങള്‍ കാറ്റില്‍പ്പറത്തിയാണ് അര്‍ജുനന്‍ വധിച്ചത്.